മാരക മയക്കുമരുന്നുമായി ഉള്ളിയേരി സ്വദേശി കാവുന്തറയിൽ പിടിയിലായി
മാസങ്ങൾക്ക് മുമ്പ് ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചതിന് പേരാമ്പ്ര എക്സൈസ് പിടികൂടിയിരുന്നു

കാവുന്തറ: മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി കാവുന്തറയിൽ യുവാവ് പിടിയിൽ. ഉള്ളിയേരി മാമ്പൊയിൽ സ്വദേശി നുരയംപുറത്ത് മീത്തൽ ജീവ (ജീവരത്നം, 28) നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 5 ഗ്രാം മെത്താഫിറ്റമിൻ പിടിച്ചെടുത്തു. പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശ്വിൻ കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കാവുന്തറ പഴങ്കാവിൽ മലയിലേക്ക് പോവുന്ന റോഡിൽ വച്ച് ഇന്നലെ ഉച്ചയ്ക്ക് 2.10ഓടെയാണ് ഇയാൾ പിടിയിലാവുന്നത്.
കോഴിക്കോട് -കുറ്റ്യാടി, ഉള്ളിയേരി- കോഴിക്കോട്, റൂട്ടിലെ ചില സ്വകാര്യ ബസ്സുകളിലെ ജീവനക്കാർ ഡ്യൂട്ടി സമയത്ത് ഇയാളിൽ നിന്നും വാങ്ങി മെത്താഫിറ്റമിൻ ഉപയോഗിക്കുന്നതായി എക്സൈസിന് സൂചന ലഭിച്ചതായാണ് വിവരം.ഇയാളെ മാസങ്ങൾക്ക് മുമ്പ് ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചതിന് പേരാമ്പ്ര എക്സൈസ് സി.ഐ അശ്വിൻ കുമാർ പിടികൂടിയിരുന്നു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിൽ, സിവിൽ എക്സൈസ് ഓഫീസർ രൂപേഷ്, വുമൺ സിവിൽ എക്സൈസ് ഓഫീസർ ഷൈനി, സിവിൽ എക്സൈസ് ഡ്രൈവർ ദിനേശ് എന്നിവരും പരിശോധനയിൽ പകെടുത്തു.