വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പന്നിക്കെണി വെച്ച ആളെ കുറിച്ച് വിവരം ലഭിച്ചെന്ന് സൂചന
നരഹത്യ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

മലപ്പുറം: വഴിക്കടവിൽ വിദ്യാർത്ഥിയുടെ മരണത്തിന് ഇടയാക്കിയ പന്നിക്കെണി വെച്ച ആളെ കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചതായി സൂചന. നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. സ്ഥലം ഉടമയ്ക്ക് ബന്ധമില്ലെന്ന് പൊലീസ് പറയുന്നു. പ്രതിക്കായി വനത്തിനുള്ളിൽ തിരച്ചിൽ. കെഎസ്ഇബിയുടെ അനുമതിയോടെയുള്ള ഫെൻസിംഗ് എന്ന ആരോപണം തള്ളി ഉദ്യോഗസ്ഥർ. കെണി ഒരുക്കിയവർ വൈദ്യുതി ലൈനിൽ നിന്ന് നേരിട്ട് മോഷ്ടിച്ചുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പതിനഞ്ചുകാരനായ അനന്തുവാണ് മരിച്ചത്. ഷേക്കേറ്റ മറ്റ് രണ്ട് വിദ്യാർത്ഥികളുടെ ചികിത്സയിലാണ്. ദയനീയ സംഭവമെന്നും സർക്കാർ സ്‌പോൺസേഡ് മർഡർ എന്നും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ആരോപിച്ചു. കുട്ടിയുടെ മരണത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രചാരണമാക്കരുതെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് പറഞ്ഞു.വിദ്യാർത്ഥിയുടെ മരണത്തിൽ നിലമ്പൂർ ജില്ലാ ആശുപത്രിക്ക് മുന്നിലെ റോഡ് യുഡിഎഫ് പ്രവർത്തകർ ഉപരോധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള പൊലീസ് ശ്രമം സംഘർഷത്തിനിടയാക്കി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.