പ്രധാനമന്ത്രി അഹമ്മദാബാദിൽ, ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു
അപകട സ്ഥലത്ത് നിന്നും പ്രധാനമന്ത്രി, പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ടു
അഹമ്മദാബാദ് : അഹമ്മദാബാദിൽ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തിന് സമീപത്തെ സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എയർ ഇന്ത്യ സിഇഒ, അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥർ അടക്കം പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെയായിരുന്നു പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലും പ്രധാനമന്ത്രി എത്തിയത്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുമായും ബന്ധുക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടക്കമുള്ളവർ പങ്കെടുക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. എയര്‍ ഇന്ത്യ സിഇഒ കാംപ്‌ബെല്‍ വില്‍സണും നേരത്തെ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലത്തെത്തിയിരുന്നു.
അപകട വിവരം അറിഞ്ഞ സമയം തന്നെ മുഖ്യമന്ത്രിയുമായും വ്യോമയാന മന്ത്രിയുമായും താന്‍ സംസാരിച്ചുവെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഒന്നും രക്ഷിക്കാൻ ഒരു അവസരവും അവിടെ ഇല്ലായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരനായ രമേശ് വിസ്വാഷ് കുമാർ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെയുള്ള 241 പേരും അപകടത്തിൽ മരിച്ചിരുന്നു.

