ആഞ്ഞോളി മുക്കിൽ നിന്ന് ടൂറിസ്റ്റ് ബസ് തട്ടിക്കൊണ്ടു പോയ പ്രതികൾ പിടിയിൽ
ജൂൺ 26ന് അർധരാത്രിയാണ് കേസിനാസ്‌പദമായ സംഭവം

നടുവണ്ണൂർ: കരുവണ്ണൂരിന് സമീപം ആഞ്ഞോളി മുക്കിൽ നിന്ന് ടൂറിസ്റ്റ് ബസ് കടത്തിക്കൊണ്ടുപോയ കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കരുവണ്ണൂർ കളയൻകുളത്ത് കെ.കെ.രജീഷ് (39) എന്ന റജി, അരിക്കുളം ചാത്തൻവള്ളി മുഹമ്മദ് ജാസിൽ (23) എന്നിവരെയാണ് പേരാമ്പ്ര ഇൻസ്പെക്ടർ പി.ജംഷീദ് അറസ്റ്റ് ചെയ്തത്. നിയാസിന്റെതാണ് ബസ്. ജൂൺ 26ന് അർധരാത്രിയാണ് കേസിനാസ്‌പദമായ സംഭവം. അഞ്ഞോളി മുക്കിലെ ബസ്റ്റോപ്പിന് അടുത്തുള്ള ഷെഡിൽ നിർത്തിയിട്ട ബസ് പ്രതികൾ കടത്തി കൊണ്ടു പോവുകയായിരുന്നു. പോകുന്ന വഴിയിൽ പണം നൽകാതെ തൊട്ടടുത്ത പെട്രോൾ പമ്പിൽ നിന്നും ഡീസൽ അടിച്ച ശേഷം പേരാമ്പ്ര ഭാഗത്തേക്ക് ബസ് ഓടിച്ചു കൊണ്ടുപോയി. സാധാരണ ഡീസലടിക്കാൻ വരുന്ന ബസ് ആയതിനാൽ പെട്രോൾ പമ്പ് ജീവനക്കാർ ഉടമയെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരും ബസ്സുടമയും ചേർന്ന് ബസ്സിനെ പിന്തുടർന്നു. പേരാമ്പ്ര ഭാഗത്തേക്ക് പോയ ബസ് മുളിയങ്ങൽ വച്ച് നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞു നിർത്തുകയായിരുന്നു.
എസ്.ഐ പി.ഷമീർ, എസ്.ഐ.എം കുഞ്ഞമ്മദ്, സി.പി.ഒമാരായ കെ.കെ ജയേഷ്, സിഞ്ജുദാസ്, മണിലാൽ, ബൈജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. റെജി മുൻപും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.