ഗവർണർ ക്കെതിരെ പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ കോഴിക്കോട്ടും കണ്ണൂരിലും സംഘർഷം
പോലീസ് മാർച്ച് തടഞ്ഞെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല

കോഴിക്കോട്: ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരേ പ്രതിഷേധവുമായി എസ്എഫ്ഐ. കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവർത്തകർ ചൊവ്വാഴ്ച പ്രതിഷേധവുമായെത്തി. കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കണ്ണൂരിലെ പ്രതിഷേധ മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും പ്രവർത്തകർ പിന്മാറാൻ തയ്യാറായില്ല. പോലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും ഫലമുണ്ടായില്ല. പ്രവർത്തകർ പിരിഞ്ഞുപോകാതെ സ്ഥലത്ത് തുടരുകയായിരുന്നു. പിന്നാലെ ബാരിക്കേഡ് മറികടന്ന് ഒരു വിഭാഗം പ്രവർത്തകർ സർവകലാശാല ആസ്ഥാനത്തിന് അകത്തേക്ക് പ്രവേശിച്ചു. സർവകലാശാലയുടെ ഗേറ്റിന് അകത്തും പുറത്തും നിന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയാണ്. സർവകലാ ശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ചാണ് ഗവർണർക്കെതിരേ എസ്എഫ്ഐ പ്രതിഷേധം നടത്തുന്നത്. കഴിഞ്ഞദിവസം കണ്ണൂരിലെത്തിയ ഗവർണർ വി.സി.യുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്തിരുന്നു.
കാലിക്കറ്റ് സർവകലാ ശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. പോലീസ് മാർച്ച് തടഞ്ഞെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം ശക്തമായി തുടരുകയാണ് എസ്എഫ്‌ഐ പ്രവർത്തകർ.