യുവാവിനെ കക്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായി
കാണാതായ ഭാഗത്ത് അതിശക്തമായ അടിയൊഴുക്കുണ്ട്

കക്കയം: യുവാവിനെ കക്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായി. കക്കയം പഞ്ചവടി പാലത്തിന് താഴെ പുഴയിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ യുവാവാണ് ഒഴുക്കിൽ പെട്ടത് . ബാലുശ്ശേരി കിനാലൂർ പൂളക്കണ്ടി സ്വദേശി അശ്വിൻ മോഹൻ (30) ആണ് ഒഴുക്കിൽ പെട്ടത്. ബാങ്ക് ഉദ്യോഗസ്ഥനാണ് സുഹൃത്തുക്കളോടൊപ്പം ഇവിടെയെത്തിയ യുവാവ് കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെടുകയായിരുന്നു.
കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പുഴയിൽ ശക്തമായ ഒഴുക്കിനെ തുടർന്ന് രക്ഷപ്പെടുത്താനായില്ല. പേരാമ്പ്ര ഫയർഫോഴ്സും, കൂരാച്ചുണ്ട് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ തുടരുകയാണ്. കാണാതായ ഭാഗത്ത് അതിശക്തമായ അടിയൊഴുക്കുണ്ട്. ഇവിടെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.