അത്തോളി ടൗണിന് സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവങ്ങൂർ പകൽ വീട് അന്തേവാസിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
അത്തോളി : ടൗണിന് സമീപം കുറ്റിക്കാട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവങ്ങൂർ പകൽ വീട് അന്തേവാസിയും കാപ്പാട് കാക്കച്ചിക്കണ്ടി ദാറുൽ നഹീസ് വീട്ടിൽ അലവിയാണ് (74) മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. വൈകീട്ട് 6 മണിയോടെ പരിസരവാസികൾ രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് സമിപത്തെ കുറ്റിക്കാട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശ വാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര ഡി വൈ എസ് പി . എൻ .സുനിൽ കുമാർ, അത്തോളി പോലീസ് ഇൻസ്പെക്ടർ കെ പ്രേംകുമാർ, എസ് ഐ എം സി മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
രാവിലെ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനായി മാറ്റുമെന്ന് അത്തോളി പോലിസ് അറിയിച്ചു. ഒരാഴ്ചയായി അലവിയെ കാണാനില്ലെന്ന് സമൂഹ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.

