പെരുവണ്ണമൂഴിയിൽ കാട്ടാനയിറങ്ങി; ആക്രമണത്തിൽ നിന്ന് ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു
ആന അടുത്തെത്തിയപ്പോൾ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു

പെരുവണ്ണാമൂഴി: പെരുവണ്ണമൂഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പന്നിക്കോട്ടൂർ പുത്തേരി രാജന്(51) നേരെയാണ് പ്രദേശത്തെ ഞെട്ടിച്ച് കാട്ടാന ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 7.30 മണിയോടെയാണ് സംഭവം.കഴിഞ്ഞ ഒരാഴ്ചക്കാലമായി മുതുകാട് പന്നിക്കോട്ടൂർ ഭാഗങ്ങളിൽ കാട്ടാന ഇറങ്ങി വലിയ നാശ നഷ്ടം ഉണ്ടാക്കിയിരുന്നു.
മരപ്പണിക്കാരനായ രാജൻ ജോലി കഴിഞ്ഞു പെരുവണ്ണാമൂഴിയിൽ നിന്നും ബൈക്കിൽ വരുന്ന വഴിക്ക് ആണ് റോഡിൽ നിൽക്കുകയായിരുന്ന ആന ആക്രമിക്കാൻ വന്നത്. ആനയെ കണ്ട രാജൻ ഉടൻ ബൈക്ക് തിരിക്കാൻ ശ്രമിച്ചെങ്കിലും ആന ഓടി അടുത്തെത്തി. ആന മൂന്നുമീറ്ററോളം അടുത്തെത്തിയപ്പോൾ രാജൻ ബൈക്ക് ഉപേക്ഷിച്ചു പ്രാണ രക്ഷർത്ഥം ഓടി രക്ഷപ്പെടുക യായിരുന്നു. ഓട്ടത്തിനിടയിൽ വീണതിനെ തുടർന്നാണ് രാജന് പരിക്കേറ്റത്. ഫോറെസ്റ്റ് അധികൃതർ സ്ഥലത്തെത്തിയാണ് പരിക്കേറ്റ രാജനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത് .