മഴ കനത്തു, പൂഴിത്തോട് ഭാഗത്ത് ഉരുൾപൊട്ടൽ; പശുക്കടവിൽ മലവെള്ളപ്പാച്ചിൽ, ഈങ്ങാപ്പുഴയിൽ റോഡിൽ വെള്ളക്കെട്ട്
കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ്, തൃശ്ശൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: ഹൃസ്വമായ ഇടവേളക്കുശേഷം കോഴിക്കോട് അടക്കമുള്ള വടക്കൻ ജില്ലകളിൽ മഴ തകർക്കുകയാണ്. പകൽ സമയത്ത് മന്ദഗതിയിലുള്ള മഴ വൈകിട്ടോടെ ശക്തി പ്രാപിച്ചു. ഇതിനെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടുകളും ഉരുൾപൊട്ടലും ഉണ്ടായി. കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായതിനാൽ, പുഴയോരത്ത് താമസിക്കുന്ന 14 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. സെൻട്രൽ മുക്ക് ഭാഗത്ത് നിന്നും കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നുണ്ട്. കടന്തറ പുഴ നിറഞ്ഞ് ശക്തമായി ഒഴുകുന്നതിനാലും, പശുകടവ് ഭാഗത്ത് വൈദ്യുതി ബന്ധം നിലച്ചതിനാലും, ആളുകൾ ജാഗ്രത പാലിക്കണമെന്ന് അധികാരികൾ അറിയിച്ചു. സമീപ പ്രദേശമായ തൊട്ടിൽപ്പാലത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ, ഈങ്ങാപ്പുഴയിൽ ദേശീയപാതയിൽ വെള്ളം കയറി. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ്, തൃശ്ശൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.