നടുവണ്ണൂർ വാകയാട് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം
അക്രമം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ ആൻറി റാഗിംഗ് നിയമപ്രകാരം പോലീസ് കേസെടുത്തു

നടുവണ്ണൂർ: നടുവണ്ണൂർ വാകയാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്ക് പ്ലസ് ടു വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിടുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് അക്രമത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. അക്രമത്തിന് വിധേയനായ പ്ലസ് വൺ വിദ്യാർഥി തന്റെ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ഇട്ടപ്പോൾ ഇനിമേലിൽ അങ്ങനെ ഇടരുതെന്നും തങ്ങളുടെ സമ്മതം ഇല്ലാതെ ഇടപെടരുതെന്നും ഭീഷണി പ്പെടുത്തുകയായിരുന്നു.
തുടർന്ന് പ്ലസ് ടു വിഭാഗത്തിലെ അഞ്ചോളം വിദ്യാർത്ഥികൾ ചേർന്ന് പലയിടത്തായി വിദ്യാർത്ഥിയെ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും നാവിക്കും വയറ്റിലും തലയിലും കഴുത്തിലും പരിക്കേറ്റിട്ടുണ്ട്. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞവർഷം ഇതേ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ ഏതാനും പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി തല്ലിച്ചതച്ചിരുന്നു. ഈ വിദ്യാർത്ഥി തൊട്ടടുത്ത സ്കൂളിലെ ഒരു ഹയർസെക്കൻഡറി അധ്യാപകന്റെ മകൻ ആയതിനാൽ ആക്രമിച്ച വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ അധ്യാപകനോട് കേണപേക്ഷിച്ചത് പ്രകാരം കേസിൽ നിന്ന് പിന്തിരിഞ്ഞതാണ്. അന്ന് തന്നെ ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ ഇന്ന് ഈ രീതിയിൽ സംഭവിക്കില്ലായിരുന്നു എന്നാണ് രക്ഷിതാക്കൾ പറയുന്നത്. അക്രമം നടത്തിയ വിദ്യാർത്ഥികൾ ക്കെതിരെ ആൻറി റാഗിംഗ് നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.