കൊയിലാണ്ടിയിൽ ഇലക്ട്രിക് ലൈനിലേക്ക് മുറിഞ്ഞ് വീണ മരത്തിൽ നിന്ന് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം
ഇന്ന് വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം

കുറുവങ്ങാട്: കൊയിലാണ്ടി കുറുവങ്ങാട് മരം ഇലക്ട്രിക് ലൈനിലേക്ക് മുറിഞ്ഞ് വീണ് മരത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കുറുവങ്ങാട് ഹിബ മൻസിൽ ഫാത്തിമ (65) ആണ് മരിച്ചത്. കുറുവങ്ങാട് ജുമ മസ്ജിദിന് സമീപമാണ് ഇന്ന് വൈകീട്ട് മൂന്നരയോടെ അപകടം നടന്നത്.
മരം വീണ ശബ്ദം കേട്ട് പുറത്തുപോയ ഫാത്തിമ അറിയാതെ മരം മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. അപകടം അറിഞ്ഞ ഉടനെ കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്തെത്തി ഫാത്തിമയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞ ഉടനെ കെ.എസ്.ഇ.ബി. അധികൃതർ മെയിൻ ലൈനിലെ വൈദ്യുതി ഓഫ് ചെയ്തിരുന്നു.
ബാവോട്ടിയാണ് ഫാത്തിമയുടെ ഭർത്താവ്. മക്കൾ: ഫൗമില, ഫാസില, ഫമറു, ഫൗസിദ. മരുമക്കൾ: നവാസ്, അൻസാർ, അഫ്സൽ, ഹാഷിം. സഹോദരങ്ങൾ: ബഷീർ, നിസാർ, ഹംസ.