കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഓരോ 15 മിനിറ്റിലും കെഎസ്ആർടിസി ബസുകൾ: സ്വകാര്യ ബസ് ഇന്നും വിട്ടുനിൽക്കുന്നു
കോഴിക്കോട്, തൊട്ടിൽപ്പാലം, വടകര, താമരശ്ശേരി തലശ്ശേരി, ഡിപ്പോകളിൽനിന്ന് കൂടുതൽ കെഎസ്ആർടിസി ബസുകൾ

നടുവണ്ണൂർ : തുടർച്ചയായി രണ്ടാം ദിവസവും കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല.എന്നാൽ ഇത് മുൻകൂട്ടി കണ്ടു കെഎസ്ആർടിസി കൂടുതൽ ഷെഡ്യൂളുകൾ അനുവദിച്ചതിനാൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ഒഴികെയുള്ള യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഇല്ല. ഇന്നലെ അവധി ദിവസമായതിനാൽ ബസ്സുകളുടെ ബഹിഷ്കരണവും സമരവും പൊതുഗതാഗതത്തെ കാര്യമായി ബാധിച്ചിരുന്നില്ല. ഇന്ന് പ്രവർത്തി ദിനമായതിനാൽ കുട്ടികളും ജീവനക്കാരും അടക്കം നൂറു കണക്കിന് യാത്രക്കാർ റോഡിലിറങ്ങുന്നുണ്ട്. എന്നാൽ ബഹിഷ്കരണവും സമരവും മുൻകൂട്ടി കണ്ടു പലരും സ്വന്തം നിലയിലാണ് യാത്ര ചെയ്യുന്നത്.
കുറ്റ്യാടി പേരാമ്പ്ര കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നടത്താത്തത് പൊതു ഗതാഗതത്തെ ബാധിക്കാതിരിക്കാൻ കൂടുതൽ സംവിധാനം ഏർപ്പെടുത്തിയതായി കോഴിക്കോട് കെഎസ്ആർടിസി അറിയിച്ചു. കോഴിക്കോട് ഡിപ്പോയിൽ നിന്ന് രണ്ട് ബസ്സുകൾ ചെയിൻ സർവീസായി ഇന്നും ഓടും കൂടാതെ തൊട്ടിൽപാലം ഡിപ്പോയിൽ നിന്നും ബസ്സുകൾ ഓടുന്നുണ്ട്. ഇതിനുപുറമേ വടകര, തലശ്ശേരി, താമരശ്ശേരി ഡിപ്പോകളിൽനിന്ന് ബസ്സുകൾ ഓടിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ 15 മിനിറ്റിനുള്ളിൽ ഒരു ബസെങ്കിലും റൂട്ടിൽ സഞ്ചരിക്കും. ഇതോടൊപ്പം ടാക്സി ജീപ്പുകളും ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നതിനാൽ സ്വകാര്യ ബസുകളുടെ അഭാവം പൊതു ജീവിതത്തെ കാര്യമായി ബാധിക്കില്ല. പേരാമ്പ്ര അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും സമരങ്ങൾ നടത്താനാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. സ്വകാര്യ ബസ് നിയമലംഘനങ്ങളിൽ നടപടി ആവശ്യപ്പെട്ട് ഇന്ന് രാവിലെ 11 മണിക്ക് ബിജെപി പേരാമ്പ്രയിൽ വഴി തടയും. ഇതിനിടെ നാളെ നടക്കുന്ന സ്വകാര്യ ബസ് പണിമുടക്ക് ജില്ലയിലെ മുഴുവൻ ബസ്സുകളും പങ്കെടുക്കുമെന്ന് സംയുക്ത സമര സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു.