സംസ്ഥാനത്ത് നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു
ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറുമായി നടന്ന ചർച്ചയെത്തുടർന്നാണ് തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറുമായി നടന്ന ചർച്ചയെത്തുടർന്നാണ് തീരുമാനം. വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമര സമിതി നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്‌തിരുന്നു.
വിദ്യാർഥികളുടെ കൺസെഷൻ സംബന്ധിച്ച് ജൂലൈ 29ന് വീണ്ടും ചർച്ച നടത്തും. പബ്ലിക് ക്ലിയറൻസ് സെർട്ടിഫിക്കറ്റ് (പിസിസി) ഒരു മാസത്തേക്ക് മാറ്റിവയ്ക്കും. ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത‌് നിയമപരമായി തടസ്സമില്ലെങ്കിൽ സ്റ്റാറ്റസ് കോ തുടരാനും തീരുമാനിച്ചു.
ചർച്ചയിൽ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവൻ, ടി ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, കെ കെ തോമസ്, ബിബിൻ ആലപ്പാട്, കെ ബി സുരേഷ് കുമാർ ട്രാൻസ്പോർട്ട് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.