സ്വകാര്യ ബസുകൾക്കെതിരെ പേരാമ്പ്രയിലെ സമരങ്ങൾ അവസാനിച്ചിട്ടും ബസ്സുകൾ ഓടിയില്ല
വടകര ആർടിഒ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനമായത്

പേരാമ്പ്ര: കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വിവിധ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും നടത്തിവന്ന സമരം ഇന്നലെ പേരാമ്പ്രയിൽ നടന്ന ചർച്ചയിൽ ഒത്തുതീർപ്പായെങ്കിലും ഇന്ന് രാവിലെ 8.15 മണിയായിട്ടും ബസ്സുകൾ ഓടിത്തുടങ്ങിയില്ല. ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോകേണ്ടവർ ഉള്ളതിനാൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന സമയമാണിത്. വടകര ആർടിഒ അൻവർ സാദത്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് സമരങ്ങളിൽ തീരുമാനമായത്. അമിത വേഗതയിൽ വന്ന സ്വകാര്യ ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ച സംഭവത്തെ തുടർന്നാണ് മുമ്പെങ്ങുമില്ലാത്ത വിധം വൻ പ്രതിഷേധം പേരാമ്പ്രയിൽ ഉയർന്നുവന്നത്. ഇതേത്തുടർന്ന് വിവിധ രാഷ്ട്രീയ സംഘടനകൾ ഈ റൂട്ടിൽ സ്വകാര്യ ബസുകൾ തടയുകയും പേരാമ്പ്ര ജോയിൻറ് ആർടിഒ ഓഫീസ് ഉപരോധിക്കുകയും ചെയ്തു.ഇതു കാരണം തുടർച്ചയായി അഞ്ചുദിവസം സ്വകാര്യ ബസുകൾ ഓടിയില്ല. സംഭവത്തെത്തുടർന്ന് സ്വകാര്യ ബസുകൾ സ്വമേധയാ സർവീസ് നിർത്തി വയ്ക്കുക യായിരുന്നു. ബസ്സുകൾ സർവീസ് ഇനിയും നടത്തിയില്ലെങ്കിൽ കർശനമായ നടപടികൾ കൈക്കൊള്ളുമെന്ന് അറിയുന്നു.
അപകടമുണ്ടാക്കിയ ബസിന്റെ പെർമിറ്റ് റദ്ദാക്കാനാണ് യോഗത്തിൽ ഉണ്ടാക്കിയ പ്രധാനപ്പെട്ട തീരുമാനം. കുറ്റിയാടി മുതൽ ഉള്ളിയേരി വരെ നാലിടങ്ങളിൽ പഞ്ചിംഗ് ഏർപ്പെടുത്തും. വേഗത നിയന്ത്രിക്കുന്നതിന് ബസ്സുകളിൽ വേഗപ്പൂട്ട് ഘടിപ്പിക്കാനും തീരുമാനിച്ചു. ഡ്രൈവർമാരുടെ ലൈസൻസും മറ്റും പരിശോധനയ്ക്ക് വിധേയമാക്കും. ബസ്സുകൾക്ക് നിലവിൽ അനുവദിച്ച സമയക്രമത്തിൽ മാറ്റം വരുത്തും. ഹെവി ലൈസൻസ് ലഭിച്ച് അഞ്ചുവർഷം കഴിഞ്ഞ് മാത്രമേ ഡ്രൈവർമാരെ ബസ്സുകളിൽ അനുവദിക്കൂ. ക്രിമിനൽ കേസിൽ ഉൾപ്പെട്ട ഡ്രൈവർമാരെ മാറ്റി നിർത്തും. ജീവനക്കാർ ലഹരി ഉപയോഗിക്കുന്നു എന്ന് അറിയുന്നതിനായി പരിശോധനകൾ നടത്തും. വിദ്യാർത്ഥികളെ ബസ്സിൽ കയറ്റുന്നതിന് മുൻപുള്ള ഇൻറർവ്യൂ അവസാനിപ്പിക്കും. തുടങ്ങിയ സുപ്രധാനമായ തീരുമാനങ്ങളാണ് എടുത്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എംപി ബാബു അധ്യക്ഷത വഹിച്ചു. പേരാമ്പ്രഡിവൈഎസ്പി സുനിൽകുമാർ തീരുമാനങ്ങൾ വിശദീകരിച്ചു.