കീഴരിയൂരിൽ ഇന്ന് പുലർച്ചെ വീടിനു മുകളിൽ തെങ്ങ് വീണ് അപകടം
ഗൃഹനാഥനും കുടുംബവും പരിക്കേൽക്കാതെ രക്ഷപ്പെട്ടു
പയ്യോളി: ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് വീണ് അപകടം. കീഴരിയൂരിൽ പോത്തിലാട്ട് താഴ ബാബുവിന്റെ ഇരുനില വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ബ ബാബുവും കുടുംബവും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
ബാബുവും ഭാര്യയും മക്കളും താഴെത്തെ നിലയിൽ ഉറങ്ങുമ്പോഴാണ് അപകടമുണ്ടായത്. വൻശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് രണ്ടാമത്തെ നിലയിലുടെ കോൺക്രീറ്റിന് മുകളിലേക്ക് തെങ്ങ് വീണത് കണ്ടത്. കോൺക്രീറ്റിന് വലിയ രീതിയിൽ വിള്ളൽ വന്നിട്ടുണ്ട്. വാർഡ് മെമ്പർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി. കാലവർഷക്കെടുതിയിൽ പ്രദേശത്ത് പലയിടത്തും മരം വീണ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

