പേരാമ്പ്രയിൽ വീണ്ടും സ്വകാര്യ ബസ് അപകടം: യാത്രക്കാരനെ ഇടിച്ചിട്ടു
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം

പേരാമ്പ്ര: പേരാമ്പ്ര സ്റ്റാൻ്റിൽ സ്വകാര്യ ബസ് മധ്യവയസ്‌കനെ ഇടിച്ച് അപകടം. ഇന്ന് 12 മണിയോടെയായിരുന്നു സംഭവം. മുയിപ്പോത്ത് സ്വദേശി ചെറുക്കാട്ട് നാരായണൻ നായർക്കാണ് പരിക്കേറ്റത്. കോഴിക്കോട്-കുറ്റ്യാടി ഭാഗത്ത് സർവ്വീസ് നടത്തുന്ന ഫ്ളൈവെൽ ബസാണ് ഇടിച്ചത്. ബസ് സ്റ്റാൻ്റ് മുറിച്ചുകടക്കുന്നതിനിടെ ഇയാളെ ഇടിക്കുകയായിരുന്നു. സ്റ്റാൻഡിൽ നിന്നും യൂടേൺ എടുക്കുന്നതിനിടയിലാണ് യാത്രക്കാരനെ തട്ടിയതെന്ന് പറയപ്പെടുന്നു. തട്ടിവീണ ഉടനെ ഡ്രൈവർ സഡൻ ബ്രേക്ക് ഇട്ടതിനാലാണ് വയോധികൻ രക്ഷപ്പെട്ടത്. നെറ്റിക്കാണ് പരിക്കേറ്റത്. ഇയാളെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലക്കും ഷോൾഡറിനും പരിക്കേറ്റ നാരായണൻ ഇഎംഎസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അപകടം നടന്ന ഉടനെ ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കുറ്റാടി- കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ തുടർച്ചയായി അപകടങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ അടുത്തിടെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ദിവസങ്ങൾക്ക്മുമ്പാണ് പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപമുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചിരുന്നു. മരുതോങ്കര സ്വദേശിയായ അബ്ദുൽ ജവാദ് (19) ആയിരുന്നു മരിച്ചത്.