ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യ അപേക്ഷ സെഷൻ കോടതി തള്ളി
ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി, കേസ് എൻഐഎ കോടതിയിലേക്ക്

ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതിരുന്ന ചത്തീസ്ഗഡ് സെഷൻസ് കോടതി, അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരുമെന്ന് വ്യക്തമായി. അഞ്ചു ദിവസം മുമ്പാണ് ചത്തീസ്ഗഡിൽ വെച്ച് മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്. കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ രംഗത്തെത്തി. കോടതിക്ക് മുന്നില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഛത്തീസ്ഗഡ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ എത്തിച്ചേർന്നത്. ജ്യോതി ശർമയുൾപ്പെടെയുള്ള നേതാക്കൾ മുദ്രാവാക്യം വിളികളോടെയാണ് കോടതിക്ക് മുന്നിലെത്തിയത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ബജ്രംഗ്ദൾ പ്രവർത്തകർ അവരെ തടഞ്ഞു വെച്ച് ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യാതൊരു കാരണവശാലും കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം ലോക്സഭയിൽ കെസി വേണുഗോപാൽ എംപി ഉന്നയിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന കന്യാസ്ത്രീകളെ ബജ്രംഗ് ദളിൻറെ സമ്മർദ്ദത്തിൽ അറസ്റ്റ് ചെയ്തെന്നും കഴിഞ്ഞ അഞ്ച് ദിവസമായി നിരപരാധികളായ കന്യാസ്ത്രീകൾ ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഛത്തീസ്ഗഡില്‍ നിന്നുള്ള ബിജെപി എംപിമാർ കോൺഗ്രസിനെ എതിർത്തു. യാഥാർത്ഥ്യം മറച്ചു വയ്ക്കുന്നു എന്നാണ് ബിജെപി എംപിമാർ ആരോപിക്കുന്നത്. ബിജെപി എംപിമാർക്കെതിരെ ബഹളം വച്ച് ഹൈബി ഈഡനുംഹൈബി ഈഡനും ബെന്നി ബഹനാനുമുൾപ്പെടെയുള്ള കോൺഗ്രസ് എംപിമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. വിഷയത്തില്‍ ഇന്നലെ സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചിരുന്നു. വലിയ രീതിയിലുള്ള വിമര്‍ശനമാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ ഉയരുന്നത്.