മലയാളത്തിന്റെ പ്രിയ സാനു മാഷിന് വിട; പ്രൊഫ. എംകെ സാനു അന്തരിച്ചു
എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാ ണ് അന്ത്യം.

കൊച്ചി: എഴുത്തുകാരനും ചിന്തകനുംസാഹിത്യവിമർശകനും അധ്യാപകനുമായ പ്രൊഫ. എം.കെ സാനു അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു.എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം.മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്കാരിക കേരളത്തിന്റെയും ശബ്ദമായി മാറാൻ കഴിഞ്ഞ അപൂർവം പ്രതിഭകളിൽ ഒരാളായിരുന്നു അദ്ദേഹം.
മലയാളഭാഷയിലെ മികച്ച ജീവചരിത്രകൃതികളെല്ലാം പ്രൊഫ എം.കെ സാനുവിന്റെ നിരീക്ഷണ ത്തിൽ നിന്നും സംഭാവന ചെയ്യപ്പെട്ടതാണ്.തന്റെ എഴുത്തു കാലമത്രയും, ഗൗരവപൂർണമായ പുസ്തകങ്ങൾ രചിച്ചുകൊണ്ട്, പകരം വെക്കാൻ ഭാഷയ്ക്ക് മറ്റൊരു പേരില്ലാത്തവിധം അടയാളപ്പെടുത്തുകയായിരുന്നു അദ്ദേഹം. ആശയപരമായി ഇടതുപക്ഷത്ത് നിലയുറപ്പിച്ചപ്പോഴും അദ്ദേഹം സർവകക്ഷി സമ്മതനായി മാറി.1928 ഒക്ടോബർ 27നു ആലപ്പുഴയിലെ തുമ്പോളിയിലാണ് എം.കെ സാനു ജനിച്ചത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തിൽ എം.എ.ബിരുദം നേടിയ എം.കെ.സാനു കൊല്ലം ശ്രീനാരായണ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1958-ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983-ൽ അധ്യാപനത്തിൽ നിന്ന് വിരമിച്ചു.1986-ൽ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോൺഗ്രസ് നേതാവ് എ എൽ ജേക്കബിനെ പരാജയപ്പെടുത്തി 1987-ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.
മലയാളസാഹിത്യനിരൂപണ മേഖലയ്ക്ക് അപ്പുറം പ്രൊഫസര്‍ എംകെ സാനു സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും കേരള സമൂഹത്തിനും ഒന്നടങ്കം ഗുരുനാഥനായിരുന്നു. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്കാരിക കേരളത്തിന്റെയും ശബ്ദമായി മാറാന്‍ കഴിഞ്ഞ അപൂര്‍വം പ്രതിഭകളില്‍ ഒരാളായിരുന്നു എംകെ സാനു.