എറണാകുളം കൊച്ചിയിൽ മെട്രോ ട്രാക്കിന് മുകളിൽ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു
തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയത്

കൊച്ചി: എറണാകുളം കൊച്ചിയിൽ മെട്രോ ട്രാക്കിന് മുകളിൽ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് സംഭവം. തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയത്. യുവാവിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. സംഭവത്തെ തുടർന്ന് തൃപ്പൂണിത്തുറക്കും കടവന്ത്രക്കും ഇടയിൽ മെട്രോ സർവീസ് നിർത്തിവെച്ചു.ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ എത്തിയ യുവാവ് മെട്രോ ടിക്കറ്റെടുത്ത ശേഷം സ്റ്റേഷനുള്ളിലേക്ക് കയറി. ആലുവ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകൾ നിർത്തുന്ന പ്ലാറ്റ്ഫോമിൽ കുറച്ച് സമയം നിന്ന ശേഷം ട്രാക്കിലേക്ക് ചാടുകയായിരുന്നു. ഇത് കണ്ട ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, യുവാവ് വഴങ്ങിയിരുന്നില്ല. ഉടൻ തന്നെ ജീവനക്കാർ വൈദ്യുതി ലൈൻ ഓഫ് ചെയ്തു. യുവാവ് ട്രാക്കിലൂടെ ഏറെ ദൂരം മുന്നോട്ട് പോകുകയും പില്ലർ നമ്പർ 1013ന് അടുത്തെത്തി താഴെ റോഡിലേക്ക് ചാടാൻ ശ്രമിക്കുകയുമായിരുന്നു.
ഫയർഫോഴ്സും പൊലീസും സംഭവസ്ഥലെത്ത് എത്തി ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പിന്തിരിഞ്ഞിരുന്നില്ല. ഫയർഫോഴ്സ് താഴെ വല വിരിച്ചിരുന്നു. എന്നാൽ, വലയിൽ വീഴാതിരിക്കുന്ന രീതിയിൽ യുവാവ് താഴേക്ക് ചാടുകയായിരുന്നു. യുവാവ് വലയിൽ ആയിരുന്നില്ല വീണത്. റോഡിൽ വീണ ഇയാൾ ആദ്യം കൈകുത്തിയാണ് വീണതെന്നും പിന്നീട് തലയിടിക്കുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു.