വിറപ്പിച്ച് പ്രതിപക്ഷ മാർച്ച്; ശക്തികാട്ടി ഇന്‍ഡ്യ സഖ്യം, എംപിമാരെ അറസ്റ്റ് ചെയ്തു നീക്കി
ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രിയങ്കാ ഗാന്ധി, മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് എംപിമാര്‍
ന്യൂഡൽഹി: വോട്ട് കൊള്ളക്കെതിരെ രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം എംപിമാർ അണിനിരന്ന മാർച്ച് സഖ്യത്തിന്റെ ശക്തിപ്രകടനമായി മാറി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാർച്ചിൽ പങ്കെടുത്തു. അഖിലേഷ് യാദവ്, കനിമൊഴി, സുപ്രിയ സുലേ തുടങ്ങി സഖ്യത്തിലെ മുൻനിരനേതാക്കളടക്കം 300 എം പിമാരാണ് മാർച്ചിൽ പങ്കെടുത്തത്. പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ബാരിക്കേഡ് ചാടിക്കടക്കാൻ എംപിമാർ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് തടഞ്ഞത്. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഭരണഘടന സംരക്ഷിക്കാനുള്ള സമരമെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
മോദി ചോർ ഹേ (മോദി കള്ളനാണ്) എന്നടക്കമുള്ള മുദ്രാവാക്യമാണ് എംപിമാർ ഉയർത്തിയത്.അതിനിടെ മഹുവ മൊയ്ത്ര എംപിക്ക് പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി. ചികിത്സ നൽകണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. അതേസമയം. രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം തെറ്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പറഞ്ഞു. 30,000 കള്ള മേൽവിലാസമെന്ന വാദം തെറ്റിദ്ധാരണാജനകമെന്നാണ് ഇലക്ഷൻ കമ്മീഷൻ്റെ നിലപാട്. ശകുൻ റാണി എന്ന എഴുപത്കാരി രണ്ട് തവണ വോട്ടു ചെയ്തെന്ന ആരോപണത്തിൽ രേഖ ഹാജരാക്കാൻ രാഹുൽ ഗാന്ധിക്ക് കർണ്ണാടക സിഇഒ നേരത്തെ നോട്ടീസ് നൽകിയിരുന്നു.

