ബാലുശ്ശേരിയിൽ വിൽപനയ്ക്കായി സൂക്ഷിച്ച എം ഡി എ എ യുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ
സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടു

ബാലുശ്ശേരി : എം ഡി എ എയുമായി രണ്ട് യുവാക്കൾ ബാലുശ്ശേരി പോലീസിൻ്റെ പിടിയിലായി. കാക്കൂർ രാമല്ലൂർ സ്വദേശി വിളക്കു മഠത്തിൽ അശോകൻ്റെ മകൻ ആദർശ് (26), ഉണ്ണികുളം പൂനൂർ സ്വദേശി തെച്ചിയേമ്മൽ ഹരിദാസൻ്റെ മകൻ അർജുൽ ഹരിദാസ് (26) എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. തേനാക്കുഴി സ്വദേശി മുച്ചിലോട്ട് രാജഗോപാലിൻ്റെ മകൻ അശ്വിൻ, എഴുകുളം സ്വദേശി താനോത്ത് സജീവൻ്റെ മകൻ അനന്ദു എന്നിവർ സ്ഥലത്തു നിന്നും ഓടിപ്പോയി. പോലീസ് പിന്നാലെ ഓടിയെങ്കിലും ഊടുവഴികളിലുടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജുവിൻ്റെ കീഴിലെ നാർകോട്ടിക് സ്ക്വാഡും, പേരാമ്പ്ര ഡി വൈ എസ് പി എൻ സുനിൽകുമാറിൻ്റെ കീഴിലെ സ്ക്വാഡും ബാലുശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശ് ടി പി യുടെ മേൽ നോട്ടത്തിലുള്ള പോലീസ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് എം ഡി എ എ പിടികൂടിയത്. പ്രതികളിൽ നിന്നും 5.600 ഗ്രാം എം ഡി എ എ യും 13870 രൂപയും, ഒരു ഇലക്ട്രോണിക് ത്രാസും, നിരവധി മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതായും പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും ബാലുശേരി പോലീസ് അറിയിച്ചു.