രാഹുൽ മാങ്കുട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനം രാജിവച്ചു
അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും

തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. കോൺഗ്രസ് ഹൈക്കമാന്റും സംസ്ഥാന കമ്മിറ്റിയും കൈവിട്ടതിനെ തുടർന്നാണ് രാഹുൽ രാജിവച്ചത്. പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വാങ്ങാൻ ഹൈക്കമാൻ്റാണ് നിർദ്ദേശിച്ചത്. അതേസമയം, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
രാഹുൽ വ്യക്തത വരുത്തണമെന്ന് യൂത്ത് കോൺഗ്രസ്സിൽ ആവശ്യം ഉയരുകയാണ്. സംസ്ഥാന കമ്മിറ്റി വാട്സ് ആപ് ഗ്രൂപ്പിലാണ് ചർച്ച നടക്കുന്നത്. വിഷയത്തിൽ രാഹുൽ നിശബ്ദത വെടിയണമെന്നും വ്യക്തത വരുത്തണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു. ആരോപണം ശരി അല്ലെങ്കിൽ രാഹുൽ വിശദീകരിക്കണമെന്നും കൂടുതൽ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ, വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരേയും പ്രതികരിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇന്നലെ തുടങ്ങിയ ചർച്ച ഇപ്പോഴും തുടരുകയാണ്. രാഹുലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി സ്നേഹയാണ്. സ്നേഹയുടെ വിമർശനത്തെ പിന്തുണച്ചു ജനറൽ സെക്രട്ടറി വിപി ദുൽഖിഫിൽ രംഗത്തെത്തി. രാഹുലിനെതിരെ ചാണ്ടി ഉമ്മൻ പക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം രാജി ആവശ്യപ്പെട്ടു.