കാസർകോട് ആൾക്കൂട്ടത്തിലേക്ക് ബസ് ഇടിച്ചു കയറി ആറു പേർ മരിച്ചു
നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു

കാസര്‍കോട്: കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടം. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്ന ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. നിര്‍ത്തിയിട്ടിരിക്കുക യായിരുന്ന ഒരു ഓട്ടോയിലും ബസ് ഇടിച്ചിരുന്നു.
ഓട്ടോയില്‍ ഇടിച്ചതിന് ശേഷമാണ് ബസ്സ്റ്റോപിലേക്ക് ഇടിച്ചു കയറിയത്. ഓട്ടോയില്‍ ഉണ്ടായിരുന്ന ഡ്രൈവറും പത്ത് വയസുകാരിയായിരുന്ന കുട്ടിയും മരിച്ചു. കൂടാതെ ബസ് കാത്തിരിക്കുകയായിരുന്ന തലപ്പാടി സ്വദേശിനി ലക്ഷ്മി ആയിഷ, ഹസ്ന, ഖദീജ നഫീസ, ഹവ്വമ്മ എന്നിവരും മരിച്ചവരില്‍ ഉൾപ്പെടുന്നു. മരിച്ചവര്‍ കര്‍ണാടക സ്വദേശികളാണ്. ബസിന്റെ ടയർ തേഞ്ഞു തീർന്ന അവസ്ഥയിലാണെന്നും ഇൻഷുറൻസ് ഉൾപ്പെടെ ബസിനില്ലെന്നുമുള്ള ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.