താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം നീക്കി, വലിയ വാഹനങ്ങൾ കടത്തിവിടും
ജില്ല കലക്‌ടറുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗമാണ് തീരുമാനമെടുത്തത്

കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി മൾട്ടി ആക്സിൽ വാഹനങ്ങൾ ഒഴികെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള മറ്റ്' വാഹനങ്ങൾ നിയന്ത്രണ വിധേയമായി കടത്തിവിടും. പൊലീസിൻ്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൃത്യമായ സമയം ഇടവിട്ടാകും കടത്തിവിടുക. ഈ പാത വഴി മൾട്ടി ആക്സിൽ വാഹനങ്ങൾക്കുള്ള നിരോധനം തുടരും. ജില്ല കലക്‌ടറുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗമാണ് തീരുമാനമെടുത്തത്.
വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നില്ല. എന്നാൽ, മഴ ശക്തമാകുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ല കലക്ടർ പറഞ്ഞു. റോഡിനു മുകളിലായി പാറയുടെ സ്ഥിതി പരിശോധിക്കാനായി ജി.പി.ആർ സംവിധാനം ഉപയോഗപ്പെടുത്തും. ഇതിനായി കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സിവിൽ എൻജിനീയറിങ് വിഭാഗവുമായി ബന്ധപ്പെട്ട് നടപടി കൈക്കൊള്ളാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി.