വടകര ബസ് സ്റ്റാൻഡിൽ ബസ് ഇടിച്ച് പരിക്കേറ്റ വനിത കോൺഗ്രസ് ജില്ലാ സെക്രട്ടറി മരിച്ചു
വടകര നഗരസഭ മുൻ കൗൺസിലറാണ്

വടകര : വടകര പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ മഹിളാ കോൺഗ്രസ് നേതാവ് മരിച്ചു. രാവിലെ 10.45-നായിരുന്നു അപകടം.മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി.കെ.പുഷ്പവല്ലി(65)യാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെ മരിച്ചത്. വടകര നഗരസഭ മുൻ കൗൺസിലറാണ്. മകൾക്കും പേരക്കുട്ടിക്കും ഒപ്പം കണ്ണൂരിലേക്ക് പോകാനായി ബസ് സ്റ്റാൻഡിൽ എത്തിയതായിരുന്നു പുഷ്പവല്ലി. ഇതിനിടെയാണ് വടകര-പയ്യോളി റൂട്ടിലെ ഹരേറാം ബസ് ഇവരെ ഇടിച്ചിട്ടത്. നിലത്തുവീണ ഇവരുടെ ശരീരത്തിലൂടെ ബസിൻ്റെ ടയർ കയറിയതോടെ പരിസരത്തു ണ്ടായിരുന്നവർ ബഹളം വെച്ചു. ഇതോടെ ബസ് ഡ്രൈവർ ഇറങ്ങിയോടി. തുടർന്ന് സ്റ്റാൻഡിലുണ്ടായിരുന്നവർ ബസ് തള്ളി മാറ്റിയാണ് പുഷ്പവല്ലിയെ പുറത്തെടുത്തത്.
ഉടൻ വടകരയിലെ ആശുപത്രിയിലും പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു