കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം; ആളപായമില്ല
മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിച്ചത്.

കോഴിക്കോട്: കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം. ഇന്ന് രാവിലെ 7.45 ഓടെയാണ് അരയിടത്ത്പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തമുണ്ടായത്. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിച്ചത്. അപകട വിവരം അറിഞ്ഞയുടനെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
പെട്ടെന്ന് തന്നെ തീ അണച്ചെങ്കിലും, മാളിലാകെ പുക വ്യാപിച്ചു. പുക ഉയര്‍ന്നതിനാല്‍ ഒരാള്‍ക്ക് ശ്വാസ തടസം ഉണ്ടായതായാണ് വിവരം. അതേസമയം ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാവരും സുരക്ഷിതരാണെന്ന് ഗോകുലം മാള്‍ CEO പറഞ്ഞു.
മാളിനുള്ളിലെ വൈദ്യുതി ബന്ധം വിച്ചേദിച്ചതിനാല്‍, ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയ ഒരാളെ പിന്നീട് ഫയര്‍ഫോഴ്‌സാണ് രക്ഷിച്ച് പുറത്തെത്തിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ ജീവനക്കാർ മാളിൽ നിന്ന് പുറത്തിറങ്ങുക യായിരുന്നു. ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും സമയോചിതമായ ഇടപെടല്‍ മൂലമാണ് വലിയ ദുരന്തം ഒഴിവായത്.