താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവം ;പണിമുടക്ക് പ്രഖ്യാപിച്ച് ആരോഗ്യ പ്രവർത്തകർ
ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം.

താമരശ്ശേരി :താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യ പ്രവർത്തകർ. ഡോക്ടർമാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും എമർജൻസി സർവീസുകൾ ഒഴികെയുള്ള സേവനങ്ങൾ എല്ലാം നിർത്തിവെക്കുമെന്ന് പ്രവർത്തകർ അറിയിച്ചു.
ആശുപത്രിയിലെ ആക്രമണത്തിന് പിന്നാലെ ജീവൻ അപകടത്തി ലായിട്ട് ജോലി ചെയ്യാൻ കഴിയില്ല എന്ന നിലപാടിലാണ് ആരോഗ്യ പ്രവർത്തകർ. സംഭവത്തിൽ കർശനമായ നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജും അറിയിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ്റെ തലക്ക് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ഇയാൾ ആരോപിച്ചിരുന്നു. മകളെ കൊന്നില്ലേ എന്ന് ആക്രേശിച്ചായിരുന്നു ആക്രമണം.
നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചിരി ക്കുകയാണ് ഡോക്ടറെ. പരിക്കിന്റെ സ്വഭാവം ഗുരുതരമാണ്. ആക്രമണത്തിൽ തലയിൽ ആഴത്തിലുള്ള മുറിവേൽക്കുകയും സ്കൾ ബോൺ ഫ്രാക്ച്ചർ (തലയോട്ടിയിലെ അസ്ഥിക്ക് പൊട്ടൽ) ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് സി ടി സ്കാൻ എടുത്താൽ മാത്രമേ സാധിക്കുകയുള്ളൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.