പേരാമ്പ്രയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം
ബൈക്ക് യാത്രക്കാരായ രാമല്ലൂർ സ്വദേശികൾക്കാണ് പരുക്കേറ്റത്.

പേരാമ്പ്ര: പേരാമ്പ്ര കൽപ്പത്തൂർ മൃഗാശുപത്രിക്ക് മുന്നിൽ ഇന്ന് ഉച്ചക്ക് ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ബൈക്ക് യാത്രക്കാരായ രാമല്ലൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ ഒരാളുടെ പരിക്ക് നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അഞ്ചാംപീടികയിൽ നിന്നും പേരാമ്പ്രയിലേക്ക് വരികയായിരുന്ന സ്കൂട്ടറിൽ, പേരാമ്പ്ര ഭാഗത്ത് നിന്നും മേപ്പയൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ നാട്ടുകാരും അതുവഴി യാത്ര ചെയ്തവരും ചേർന്ന് ഉടൻതന്നെ പേരാമ്പ്രയിലെ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം നില ഗുരുതരമായതിനാൽ ഉടൻതന്നെ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. മറ്റേയാൾ പ്രാഥമിക ചികിത്സയ്ക്ക് ശേഷം നിരീക്ഷണത്തിലാണ്.
അപകടത്തിന് കാരണമായ കാർ അമിത വേഗതയിലായിരുന്നെന്ന് പരിസരവാസികൾ പറയുന്നു. ഇടിച്ച ശേഷം നിർത്താതെ ഓടിച്ചുപോകാൻ ശ്രമിച്ച കാർ വഴിയിൽ വെച്ച് നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. അമിതവേഗതയിൽ അപകടം വരുത്തിയ കാർ ഡ്രൈവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.