കോഴിക്കോട് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
യുവാവിൻ്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി
കോഴിക്കോട്: കോഴിക്കോട് വീണ്ടും സ്വകാര്യ ബസിൻറെ മരണപ്പാച്ചിൽ. സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം പെരിങ്ങാവ് സ്വദേശി വിഷ്‌ണുവാണ് മരിച്ചത്. മെഡിക്കൽ കോളേജിൽ നിന്നും ഫറോക്കിലേക്ക് പോകുന്ന ദല്ലാഹ് ബസ് ആണ് ഇടിച്ചത്. യുവാവിൻ്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. അപകടത്തെ തുടർന്ന് പ്രദേശത്തെ നാട്ടുകാരും ബസ് ജീവനക്കാരും തമ്മില് വാക്കേറ്റമുണ്ടായി. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസ്സിനടിയിൽ നിന്നാണ് പരിക്കേറ്റ വിഷ്ണുവിനെ പുറത്തെടുത്ത് ഉടനെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിലെ റോഡിൽ ഗതാഗത തടസ്സം വന്നപ്പോൾ കൊളത്തറ ചെറുവണ്ണൂർ സമീപത്തെ റോഡിലൂടെ അതി വേഗതയിൽ സ്വകാര്യ ബസ്സ്കയറാൻ ശ്രമിച്ചതിനിടയിലാണ് അപകടം. രാമനാട്ടുകര മുതൽ ചെറുവണ്ണൂർ വരെയുള്ള റോഡിൽ നിരന്തരം അപകടങ്ങൾ സംഭവിക്കുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് രാമനാട്ടുകരയിൽ ബസ് അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി ബസ് കയറി മരണപ്പെട്ടത്.

