ക്ഷേമപെൻഷൻ വർധിപ്പിച്ചു; ആശ വർക്കേഴ്‌സിൻ്റെ ഓണറേറിയം കൂട്ടി; പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ
സുപ്രധാന പ്രഖ്യാപനങ്ങളുമായി സർക്കാർ
തിരുവനന്തപുരം: തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർക്കാർ ക്ഷേമപെൻഷൻ 1,600 ൽ നിന്നും 400 രൂപ കൂട്ടി രണ്ടായിരം രൂപയാക്കി. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ നൽകും. ആശാ വർക്കേഴ്‌സിൻ്റെ ഓണറേറിയം പ്രതിമാസം ആയിരം രൂപ കൂട്ടി. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനങ്ങൾ. സ്ത്രീ സുരക്ഷയ്ക്കായുള്ള പ്രത്യേക പദ്ധതിയാണ് മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ചത്. സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഗുണ ഭോക്താക്കളല്ലാത്ത ട്രാൻസ് വുമൺ ഉൾപ്പെടെയുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 35 മുതൽ 60 വയസ്സുവരെയുള്ള മഞ്ഞകാർഡ്, പിങ്ക് കാർഡ് എന്നിവയിൽ ഉൾപ്പെട്ടവർക്ക് പ്രതിമാസം 1000 രൂപ വീതം നൽകും. 33 ലക്ഷം സ്ത്രീകൾ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നും സർക്കാർ പ്രതിവർഷം 3800 കോടി രൂപ ചിലവിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
യുവാക്കൾക്കായി കണക്ട് ടു വർക് സ്‌കോളർഷിപ്പ് എന്ന പുതിയ പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. യുവാക്കൾക്ക് മികച്ച ജോലി ലഭിക്കാൻ സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി. പ്രതിവർഷ കുടുംബ വരുമാനം 1 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ പ്ലസ് ടു, ഐടിഐ, ബിരുദ പഠനത്തിന് ശേഷം വിവിധ നൈപുണ്യ കോഴ്‌സുകൾ പഠിക്കുന്നവരോ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വരെ വയസുവരെയുള്ള യുവാക്കൾക്ക് 1000 രൂപ മാസം ധനസഹായം നൽകും. പദ്ധതിക്ക് 5 ലക്ഷം ഗുണ ഭോക്താക്കളെയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി സർക്കാർ പ്രതിവർഷം 600 കോടി രൂപ ചെലവിടും. എഡിഎസ്‌മാർക് പ്രവർത്തന ഗ്രാൻറായി പ്രതിമാസം 1000 രൂപ വീതം നൽകാനും സർക്കാർ തീരുമാനിച്ചു.

