തിരുവങ്ങൂരിലെ ഡിവൈഎഫ്ഐ നേതാവ് ശിവപ്രസാദിനെ വഗാഡ് സൈറ്റ് എൻജിനീയർ ആക്രമിച്ചു
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തിരുവങ്ങൂരിൽ വെച്ചായിരുന്നു സംഭവം
തിരുവങ്ങൂർ: ഡി.വൈ.എഫ്.ഐ കാപ്പാട് മേഖലാ പ്രസിഡൻ്റ് ശിവപ്രസാദിനെ വാഗാഡ് സൈറ്റ് എഞ്ചിനിയർ ആക്രമിച്ചതായി പരാതി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തിരുവങ്ങൂരിൽ വെച്ചായിരുന്നു സംഭവം. ആക്രമണത്തിൽ ശിവപ്രസാദിൻ്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിരുവങ്ങൂരിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം ശിവപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തിരുവങ്ങൂരിലെ അപ്രോച്ച് റോഡിന്റെ ഇരുഭാഗങ്ങളിലും കോൺക്രീറ്റ് ഭിത്തിയിലും വിള്ളൽ സംഭവിച്ച സാഹചര്യത്തിൽ അപകട ഭീഷണിയുളള ഭാഗം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കഴിഞ്ഞദിവസം ബഹുജന ധർണ്ണ നടത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കലക്ടർക്കും മന്ത്രിമാർക്കും പരാതി നൽകുകയും ചെയ്‌തിരുന്നു. ഇതിൽ തീരുമാനമാകാതെ തിരുവങ്ങൂരിൽ ദേശീയപാതയുടെ പ്രവൃത്തി തുടരാൻ അനുവദിക്കില്ലെന്നായിരുന്നു ഡി.വൈ.എഫ്.ഐ നിലപാട്.
എന്നാൽ ഇന്ന് രാവിലെ നിർമ്മാണ പ്രവൃത്തികൾ പതിവുപോലെ പുരോഗമിച്ചതോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടയാനെത്തി. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി കിരൺ, മേഖലാ പ്രസിഡന്റ് ശിവപ്രസാദ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വിജീഷ്, ബ്ലോക്ക് കമ്മിറ്റിയംഗം രജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പണി തടഞ്ഞത്. തൊഴിലാളികൾ പിരിഞ്ഞുപോകാൻ തുടങ്ങിയപ്പോൾ സൈറ്റ് എഞ്ചിനിയർ അവരെ തടയുകയും വഴക്കു പറഞ്ഞ് പ്രവൃത്തി തുടരാൻ ആവശ്യപ്പെടുകയുമായിരുന്നു.

