കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഡിസംബർ 9നും 11നും
മാധ്യമപ്രവർത്തകർക്കും പെരുമാറ്റച്ചട്ടം ബാധകം
തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഡിസംബർ 9നാണ് തെരഞ്ഞെടുപ്പ്.തൃശ്ശൂർ മുതൽ കാസർഗോഡ് വരെ ഡിസംബർ 11നാണ് തിരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ 13നാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം നവംബർ 21. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. പെരുമാറ്റച്ചട്ടം സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങൾക്കും ബാധകമാണ്. മാധ്യമ പ്രവർത്തകർക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഷാജഹാനാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ആകെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നിലവിലുള്ളത്. മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട് പ്രഖ്യാപിക്കും. 23576 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
അന്തിമ വോട്ടർപട്ടിക നവംബർ 14ന് നിലവിൽ വരും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും സമ്മതിദായകർക്ക് ഒരു വോട്ട് രേഖപ്പെടുത്താം. പഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് എന്നിവയടക്കം 3 വോട്ടുകളാണ് ചെയ്യാവുന്നത്. തെരഞ്ഞെടുപ്പ് ജോലി നിർവഹിക്കുന്നതിന് രണ്ടരലക്ഷം ജീവനക്കാരെ വിന്യസിക്കും. മതപരമോ ജാതീയമോ ആയ സ്ഥാപനങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗപ്പെടുത്താൻ പാടില്ല. മന്ത്രിമാരോ ഉദ്യോഗസ്ഥരോ ജനങ്ങൾക്ക് ആനുകൂല്യങ്ങളോ വാഗ്ദാനങ്ങളും പ്രഖ്യാപിക്കാൻ പാടില്ല.പെരുമാറ്റച്ചട്ടം പരിശോധിക്കുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ജില്ലകളിൽ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാവും. രാവിലെ ആറുമണിക്ക് രാത്രി പത്തുമണിക്കും ഇടയിൽ മാത്രമേ മൈക്ക് ഉപയോഗിച്ചുള്ള പ്രചരണം നടത്താവു. പ്രചാരണ പ്രവർത്തനങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമാണ്. പോസ്റ്ററുകളിലും നോട്ടീസുകളിലും പ്രസിദ്ധീകരിക്കുന്നവരുടെ പേര് രേഖപ്പെടുത്തിയിരിക്കണം.തെരഞ്ഞെടുപ്പ് ദിവസവും വോട്ടെണ്ണൽ ദിവസവും മദ്യനിരോധനം ഉണ്ടാവും.

