സ്കൂട്ടറിൽ പിക്കപ്പ് ഇടിച്ച്, പരീക്ഷയെഴുതാൻ പോവുകയായിരുന്ന എകരൂൽ സ്വദേശിയായ പെൺകുട്ടി മരിച്ചു
കുന്ദമംഗലം പതിമംഗലത്ത് പതിനൊന്നാം മൈൽ പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെയാണ് അപകടം
കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് പതിനൊന്നാം മൈൽ പെട്രോൾ പമ്പിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. ബാലുശ്ശേരി എകരൂൽ സ്വദേശിനി വഫ ഫാത്തിമ ആണ് മരിച്ചത്. പതിനെട്ടു വയസ്സായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. പരീക്ഷ എഴുതാനായി കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വഫ ഫാത്തിമയുടെ സ്‌കൂട്ടറിൽ എതിർ ദിശയിൽ വന്ന മിനി വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വഫ റോഡിലേക്ക് തെറിച്ചു വീണു.
ഗുരുതരമായി പരിക്കേറ്റ വഫയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വീട്ടിൽ നിന്നും വരുമ്പോൾ കൊടുവള്ളിയിൽ വാഹനം നിർത്തിയിട്ടാണ് സാധാരണ കോളേജിൽ പോകുന്നതെങ്കിലും ഇന്നലെയും ഇന്നും പരീക്ഷ ആയത് കൊണ്ട് വണ്ടിയെടുത്ത് പോകുകയായിരുന്നുവെന്ന് ബന്ധു പറയുന്നു.
ഇന്നലെയാണ് പിതാവ് നാട്ടിൽ നിന്ന് ജോലി ചെയുന്ന ദമാമിലേക്ക് പോയത്. കോഴിക്കോട് പ്രോവിഡൻസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ് വഫ ഫാത്തിമ. പിതാവ്: ശരീഫ് (ദമാം). ഉമ്മ: സലീക്ക. സഹോദരങ്ങൾ: സഫ ശരീഫ്, നഫ ശരീഫ്.

