നടുവണ്ണൂരിലെ വ്യാജ ആക്രമണക്കേസ്: ജില്ലാ കലക്ടർക്കും എസ്പിക്കും പരാതി നൽകി യു ഡി എഫ്
സ്കൂട്ടർ തടഞ്ഞുവെച്ച് ഭീകരമായി മർദ്ദിച്ചു എന്നായിരുന്നു സ്ഥാനാർത്ഥിയുടെ പരാതി
കോഴിക്കോട്: കഴിഞ്ഞദിവസം രാത്രിയോടെ നടുവണ്ണൂർ പഞ്ചായത്ത് ഒൻപതാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി ആക്രമിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു യു ഡി എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി കോഴിക്കോട് ജില്ലാ കളക്ടർ, വരണാധികാരി, ജില്ലാ പോലീസ് മേധാവി തുടങ്ങിയവർക്ക് പരാതി നൽകി. വിഷയം ഗൗരവം ഉള്ളതാണെന്നും ഇത്തരം വ്യാജ പ്രചാരണങ്ങൾ സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കുമെന്നും തെറ്റായ സന്ദേശം നൽകുമെന്നും പരാതിയിൽ പറയുന്നു.
വോട്ട് തേടി ഒമ്പതാം വാർഡിലെ ചാത്തൻകണ്ടി എന്ന വീട്ടിൽ പോകുമ്പോൾ രണ്ടു പേർ സ്കൂട്ടർ തടഞ്ഞുവെച്ച് ഭീകരമായി മർദ്ദിച്ചു എന്നാണ് സ്ഥാനാർത്ഥിയുടെ പരാതി. എന്നാൽ യുഡിഎഫും പരാതിയുമായി വന്നതോടെ സ്വതന്ത്ര സ്ഥാനാർത്ഥി പിൻവാങ്ങുകയായിരുന്നു. ആക്രമിക്കപ്പെട്ടതായി പറയപ്പെടുന്ന സ്വതന്ത്ര സ്ഥാനാർത്ഥി ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വിഷയത്തിൽ ബാലുശ്ശേരി പോലീസ് യു ഡി എഫ് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

