പോളിങ്ങിനു ശേഷം മന്ദങ്കാവിൽ സംഘർഷം രണ്ട് യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്
പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മന്ദങ്കാവ് :തെരഞ്ഞെടുപ്പിന് ശേഷം മന്ദങ്കാവിൽ സംഘർഷം.സംഭവത്തിൽ രണ്ട് മുസ്ലിം ലീഗ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. ആലിക്കോയ മരക്കാട്ട്, റൗഫൽ വെങ്ങളത്ത് കണ്ടി എന്നീ മുസ്ലിം ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റതായി നേതാക്കൾ അറിയിച്ചു. ഇവരെ പേരാമ്പ്ര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ഏറ്റവും വാശിയേറിയ മത്സരം നടന്ന പതിനാറാം വാർഡിൽ പെടുന്ന എസി മുക്കിലാണ് സംഭവം. ബൂത്തിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനം കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഒരുങ്ങിയ പ്രവർത്തകരെ കാരണമില്ലാതെ മർദ്ദിക്കുകയായിരുന്നു വെന്ന് മുസ്ലിം ലീഗ് നേതാക്കൾ ആരോപിച്ചു.
സംഭവമറിഞ്ഞ് വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി. സായുധ സേനാ വിഭാഗവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വോട്ടെടുപ്പ് സമയത്ത് നേരത്തെ വെങ്ങളത്ത് കണ്ടി കടവിൽ ഉണ്ടായ കശപിശയിൽ പോലീസ് ഇരു വിഭാഗത്തെയും വിരട്ടി ഓടിച്ചിരുന്നു.

