കിഴക്കൻ പേരാമ്പ്രയിൽ പുലി ഇറങ്ങിയതായി സംശയം
വനം വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി
പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിൽ പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി വീട്ടുകാർ. മരുതോറ അനീഷ് കുമാറിന്റെ വീട്ടുമുറ്റത്താണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ ഇന്നലെ രാത്രി 11 മണിയോടെ കണ്ടത്.പട്ടികളുടെ കൂട്ടത്തോടെയുള്ള കുരകേട്ട് അനീഷിന്റെ മകൾ ജനൽ വഴി പുറത്തേക്ക് നോക്കിയപ്പോഴാണ് ജീവിയെ കണ്ടത്. ജീവി എന്തോ അപകടം പറ്റിയത് പോലെ പ്രയാസപ്പെടുന്നതായി മകൾ പറഞ്ഞു. പട്ടികൾ ജീവിയുടെ പിറകെ തന്നെ കൂടിയെന്നും തുടർന്ന് അനീഷ് വീടിന് മുകളിൽ കയറി നിന്ന് നോക്കിയപ്പോൾ ജീവി ദൂരേക്ക് ഓടി പോകുന്നത് കണ്ടെന്നും പറഞ്ഞു.വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.
ജീവിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ സമീപത്ത് കണ്ടെത്തി. മരുതോറ പ്രദേശത്തെ ജനങ്ങൾ ഇതോടെ പരിഭ്രാന്തിയിൽ ആയിരിക്കുകയാണ്. പുലിയെ കണ്ട വിവരം പറഞ്ഞു 200 ഓളം ആളുകളാണ് സംഭവ സ്ഥലത്ത് തടിച്ചുകൂടിയത്.

