കൊയിലാണ്ടിയിൽ എം.ഡി.എം.എയുമായി നടുവണ്ണൂർ സ്വദേശിയായ യുവാവ് പിടിയിൽ
മണമൽ അണ്ടർപാസിന് സമീപം വാഹനപരിശോധനയ്ക്കിടയിൽ ആയിരുന്നു സംഭവം
കൊയിലാണ്ടി: എം.ഡി.എം.എയുമായി നടുവണ്ണൂർ സ്വദേശിയായ യുവാവ് കൊയിലാണ്ടി മണമലിൽ പിടിയിൽ. പുളിഞ്ഞോളി വീട്ടിൽ ജി.ആർ. അഭിഷേകിനെയാണ് കൊയിലാണ്ടി പൊലീസും ഡൻസാഫും ചേർന്ന് പിടികൂടിയത്. ഇന്നലെ രാത്രി മണമൽ അണ്ടർപാസിന് സമീപം വാഹനപരിശോധനയ്ക്കിടയിൽ ആയിരുന്നു സംഭവം. ഇയാളിൽ നിന്നും അഞ്ച് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
കോഴിക്കോട് റൂറൽ പൊലീസ് മേധാവി കെ.ഇ.ബൈജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പൊലീസും നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രകാശൻ പടന്നയിലിന്റെ കീഴിലുള്ള ജില്ലാ ഡാൻസാഫ് സ്ക്വാഡുംചേർന്നാണ് പ്രതിയെ പിടികൂടിയത്. ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ മനോജ് രാമത്ത്, എ.എസ്.ഐമാരായ ബിനീഷ് വി.സി, ഷാജി.വി, സി.പി.ഒമാരായ ടി.കെ.ശോഭിത്ത്, ഇ.കെ.അഖിലേഷ്, ബി.എസ്.ശ്യാംജിത്ത്, പി.അതുൽ, അനൂപ് സെൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

