കോട്ടൂർ യുഡിഎഫ് പിടിച്ചു; സുജാത ടീച്ചർ പ്രസിഡൻറ്,നടുവണ്ണൂരിൽ ഷൈജ മുരളി,വടകര ബ്ലോക്കിൽ എൽഡിഎഫ് പക്ഷത്തെ ഒരു വോട്ട് കൂടുതൽ നേടി യുഡിഎഫ് ഭരണം പിടിച്ചു
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫിന്, പേരാമ്പ്ര യുഡിഎഫിന്
ബാലുശ്ശേരി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പഞ്ചായത്ത് പ്രസിഡണ്ട് മാരെ നിശ്ചയിക്കാനുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും തുല്യ അംഗങ്ങൾ വന്ന കോട്ടൂർ ഗ്രാമപഞ്ചായത്തിൽ യുഡിഎഫിലെ സുജാത ടീച്ചർ നറുക്കെടുപ്പിലൂടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കക്കഞ്ചേരി എ എം എൽ പി സ്കൂളിൽ നിന്നും അധ്യാപികയായി റിട്ടയർ ചെയ്ത സുജാത ടീച്ചർ പതിനൊന്നാം വാർഡായ തിരുവോട് നിന്നും എൽഡിഎഫിന്റെ ആർജെഡി സ്ഥാനാർത്ഥി നഫീസ വഴുതന പറ്റെയെ 277 വോട്ടിന് തോൽപ്പിച്ചാണ് മെമ്പർ ആകുന്നത്. എൽഡിഎഫിൽ നിന്ന് കൂട്ടാലിട വാർഡിൽ നിന്നും വിജയിച്ച വിപി സുജേത ടീച്ചർ ആയിരുന്നു എതിർ സ്ഥാനാർഥി.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വൻ അട്ടിമറി. ഇവിടെ എൽഡിഎഫിന് ഏഴ് പേരുടെയും യുഡിഎഫിന് മൂന്ന് സ്വതന്ത്രർ അടക്കമുള്ള 7 പേരുടെയും പിന്തുണയാണ് ഉണ്ടായിരുന്നത്. എന്നാൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പക്ഷത്തെ ഒരു വോട്ട് യുഡിഎഫ് ലഭിച്ചതിനാൽ ആറിനെതിരെ 8 വോട്ട് നേടി യുഡിഎഫ് ഇതാദ്യമായി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ എൽഡിഎഫിന് ലഭിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നറുക്കെടുപ്പിൽ യുഡിഎഫ് വിജയിച്ചു. 11 സീറ്റുകൾ വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യനിലയിൽ ആയ തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫ് വിജയിച്ചു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി യുഡിഎഫിലെ സിനി ജിനോ തെരഞ്ഞെടുക്കപ്പെട്ടു. സീറ്റുകൾ തുല്യമായ നന്മണ്ട ഗ്രാമപഞ്ചായത്തിൽ യുഡിഎഫിലെ വിനിഷ ഷൈജു നറുക്കെടുപ്പിലൂടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ചേമഞ്ചേരി പഞ്ചായത്തിൽ യുഡിഎഫിലെ അജയ് ബേസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികൾ 8 സീറ്റുകൾ വീതം നേടി തുല്യനിലയിൽ ആയതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് പ്രസിഡണ്ടിനെ തീരുമാനിച്ചത്. മൂടാടിയിലും നറുക്കെടുപ്പിലൂടെ എൽഡിഎഫിനാണ് ഭരണം. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി എൽഡിഎഫിലെ പി കെ ബാബു വിജയിച്ചു.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ കവിത ടീച്ചർ വിജയിച്ചു. ഉള്ളിയേരിയിൽ പ്രസിഡണ്ടായി സിപിഎമ്മിലെ പി നാസർ വിജയിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ യുഡിഎഫിന്റെ കോൺഗ്രസ് സ്ഥാനാർഥി ഷൈജ മുരളി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥി എൽഡിഎഫിലെ ബിന്ദു കുട്ടിക്കണ്ടിയെയാണ് ഏഴിനെതിരെ 11 വോട്ടിന് ഷൈജ തോൽപ്പിച്ചത്.

