കുന്നമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു
ഇവിടെ മുമ്പും അപകടമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു
കുന്നമംഗലം: കോഴിക്കോട് കുന്ദമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. കാർ യാത്രികരും പിക്കപ്പ് വാൻ ഡ്രൈവറുമാണ് മരിച്ചത്. കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27) ഇങ്ങാപ്പുഴ സ്വദേശി സുബിക്ക് വയനാട് പൊയ്തന സ്വദേശി സമീർ എന്നിവരാണ് മരണപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കുന്ദമംഗലത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.കാർ യാത്രക്കാരായ രണ്ട് പേരും പിക്കപ്പ് ഡ്രൈവറും ആണ് മരണപ്പെട്ടത്. പിക്കപ്പിന്റെ ക്ലീനർ ഉൾപ്പടെ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കുന്നമംഗലം പതിനൊന്നാം മൈലിലാണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. അപകടത്തിന് പിന്നാലെ വെള്ളിമാടുകുന്ന് നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഹൈഡ്രോളിക് കട്ടർ ഉൾപ്പടെ ഉപയോഗിച്ച് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് കാർ യാത്രികരെ പുറത്തെടുത്തത്. കാബിൻ പൊളിച്ചാണ് പിക്കപ്പ് ഡ്രൈവറേയും പുറത്തെടുത്തത്. പിക്കപ്പ് ലോറിയുടെ ഡ്രൈവറാണ് മരിച്ച വഴുതന സ്വദേശി സമീർ. ഡ്രൈവറുടെ സഹായി പരിക്കേറ്റ് ചികിത്സയിലാണ്. ഇപ്പോൾ അപകടം നടന്ന സ്ഥലത്ത് മുൻപും അപകടമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. അപകടത്തെ തുടർന്ന് വേർപെടുത്തിയെടുക്കാൻ കഴിയാത്ത വിധം ഇരുവാഹനങ്ങളും കൂടിച്ചേർന്നു പോയിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട് ഇരു വാഹനങ്ങളും അമിതവേഗതയിൽ ആയിരുന്നുവെന്ന് പറയപ്പെടുന്നു.

