വടകരയിൽ ബസ് സമരം തുടരുന്നു കൊയിലാണ്ടിയിൽ നിന്നുള്ള ബസ്സുകൾ മൂരാട് പാലം വരെ മാത്രം
ഇന്ന് രാവിലെ ആറ് മണിയോടെ പണിമുടക്ക് ആരംഭിച്ചത്
കൊയിലാണ്ടി: വടകര താലൂക്കിൽ ബസ് പണിമുടക്ക് തുടരുന്നു. വടകര തൊട്ടിൽപ്പാലം റൂട്ടിലോടുന്ന ഹരിശ്രീ ബസിലെ കണ്ടക്ടറെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ബസ് ജീവനക്കാർ പണിമുടക്ക് നടത്തുന്നത്. ഇന്ന് രാവിലെ ആറ് മണിയോടെ പണിമുടക്ക് ആരംഭിച്ചത്.കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുന്ന ബസുകള് മൂരാട് പാലം വരെ മാത്രമാണ് ഇന്ന് സർവ്വീസ് നടത്തുന്നത്. ഇവിടെ യാത്ര അവസാനിപ്പിച്ച് തിരികെ കൊയിലാണ്ടിക്ക് സർവ്വീസ് നടത്തുന്നുണ്ട്. തലശ്ശേരി ഭാഗത്ത് നിന്ന് വരുന്ന ബസുകള് മാഹിയിൽ യാത്ര അവസാനിപ്പിച്ച് തിരികെ പോവുകയാണ്. ബസ് മണിമുടക്കിനെ തുടർന്ന് വിദ്യാർത്ഥികളും ഹ്രസ്വ ദൂര യാത്രക്കാരും വലഞ്ഞു. വലിയ ചാർജ് നൽകി ഓട്ടോയും ജീപ്പും കയറി യാത്ര ചെയ്യേണ്ട അവസ്ഥയിലായി. എന്നാൽ കണ്ണൂർ കോഴിക്കോട് റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്.
കഴിഞ്ഞ 31 ന് രാവിലെയാണ് കണ്ടക്ടർ പി.പി.ദിവാകരൻ പുതിയ ബസ് സ്റ്റാന്റില് ആക്രമിക്കപ്പെട്ടത്. ഗുരുതര പരിക്കേറ്റ അദ്ദേഹം ഇപ്പോഴും ചികിത്സയിലാണുള്ളത്. സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും കണ്ടക്ടര് ദിവാകരനെ അക്രമിച്ച പ്രതിയെ അടിയന്തിരമായി അറസ്റ്റു ചെയ്യണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.

