റിപ്പബ്ലിക് ദിനാചരണ ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു
ദേശീയ പതാക ഉയര്‍ത്തി, പ്രസംഗിക്കുന്നതിനിടെയായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്
കണ്ണൂര്‍: റിപ്പബ്ലിക് ദിനാചരണ ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു. പ്രസംഗത്തിനിടെ ക്ഷീണം അനുഭവപ്പെടുകയും കുഴഞ്ഞു പോകുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും മറ്റും അദ്ദേഹത്തെ താങ്ങിപ്പിടിച്ചു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കുകയും നില മെച്ചപ്പെടുകയും ചെയ്തു. ഇതിന് ശേഷം ഇദ്ദേഹത്തെ കണ്ണൂര്‍ ചാലയിലുള്ള ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയായിരുന്നു സംഭവം. ദേശീയ പതാക ഉയര്‍ത്തി, പൊലീസിന്റെ സല്യൂട്ട് സ്വീകരിച്ച ശേഷം പ്രസംഗിക്കുന്നതിനിടെ യായിരുന്നു മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുറച്ചു നേരം പ്രസംഗ പീഠത്തിന് മുന്നില്‍ സ്തംഭിച്ചുനിന്ന മന്ത്രി, പിന്നാലെ കുഴഞ്ഞുപോകുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ വന്ന് അദ്ദേഹത്തെ താങ്ങുകയും ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. മന്ത്രിയുടെ ആരോഗ്യസ്ഥിതി പൂർവ്വ സ്ഥിതിയിലായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുറച്ചുനാളുകള്‍ ആരോഗ്യപ്രശ്‌നം നേരിട്ടതിനെ തുടര്‍ന്ന് മന്ത്രി വിശ്രമത്തിലായിരുന്നു. അടുത്തിടെയാണ് സജീവമായത്.

