ഭാരതപ്പുഴയില്‍ വീണ്ടും തീപ്പിടിത്തം; രണ്ട് ഏക്കര്‍ സ്ഥലം കത്തിനശിച്ചു
ഈ മാസം ഇത് നാലാം തവണയാണ് പുഴയില്‍ തീപിടിത്തമുണ്ടാകുന്നത്
പാലക്കാട്: ഭാരതപ്പുഴയില്‍ വീണ്ടും തീപ്പിടിത്തം. അറുപതിലേറെ ദേശാടന പക്ഷികളുടെ സാന്നിദ്ധ്യം കണ്ടെത്തിയ ഒറ്റപ്പാലം ഭാരതപ്പുഴയിലാണ് വീണ്ടും തീപ്പിടുത്തമുണ്ടായത്. പുഴയുടെ കിഴക്ക് ഭാഗത്തെ തീരത്തെ പുല്‍ക്കാടുകള്‍ക്കാണ് തീ പിടിച്ചത്. ഏകദേശം രണ്ട് ഏക്കര്‍ സ്ഥലം കത്തിനശിച്ചു. ഒരുഭാഗത്തു നിന്ന് പടര്‍ന്ന തീ പുല്‍ക്കാടുകള്‍ മുഴുവന്‍ കത്തിയെരിച്ച് പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ മാസം ഇത് നാലാം തവണയാണ് പുഴയില്‍ തീപിടിത്തമുണ്ടാകുന്നത്. രണ്ടാഴ്ച്ച മുന്‍പ് കത്തിയ ഭാഗത്ത് തന്നെയാണ് വീണ്ടും തീപ്പിടിത്തമുണ്ടായത്. പുഴയില്‍ വിരുന്നെത്തുന്ന ദേശാടന പക്ഷികള്‍ കൂട് കൂട്ടുന്ന ഭാഗം മുഴുവന്‍ കത്തിനശിച്ചു. നവംബര്‍ മാസത്തോടെ വിരുന്നെത്തുന്ന പക്ഷികള്‍ ഫെബ്രുവരി, മാര്‍ച്ച് മാസത്തോടെയാണ് ഇവിടം വിടാറുളളത്.
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ അതിര്‍ത്തിയായ ആറങ്ങോട്ടു കരയുടെ സമീപത്ത് ദേശമംഗലം പഞ്ചായത്തിലെ പളളത്തും സമീപപ്രദേശങ്ങളിലും ഭാരതപ്പുഴയില്‍ നീരൊഴുക്കില്ലാത്ത പൊന്തക്കാടിന് തീപിടിച്ചിരുന്നു. നദിയുടെ നടുവിലുളള അടിക്കാടുകളിലാണ് തീ ആളിപ്പടര്‍ന്നത്. ഇവിടേക്ക് വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തത് തീ അണയ്ക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് തീ അണയ്ക്കാനുളള ശ്രമങ്ങള്‍ നടത്തിയിരുന്നു.

