കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നുവീണു; മൂന്ന് തൊഴിലാളികൾ മരിച്ചു
വലിയങ്ങാടിയിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്
കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. വലിയങ്ങാടിയിൽ തൊഴിലാളികളായ അഷ്റഫ് ജബ്ബാർ ബഷീർ എന്നിവരാണ് മരിച്ച മൂന്ന് പേർ. രണ്ട് പേരുടെ നില ഗുരുതരം. ഒരാളുടെ കാൽ നഷ്ടപ്പെട്ട നിലയിലാണ്. കയറ്റിറക്ക് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിലാണ് അപകടം. ഈ കെട്ടിടം രണ്ടുവർഷം മുമ്പ് തന്നെ പൊളിച്ചു മാറ്റാൻ നിർദ്ദേശിക്കപ്പെട്ടതായിരുന്നു. എന്നാൽ അപകടാവസ്ഥയിലായിരുന്ന ഈ കെട്ടിടത്തിൽ കച്ചവടവും മറ്റും നടന്നിരുന്നതായി പറയപ്പെടുന്നു. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
കടയ്ക്ക് പുറത്തിരിക്കുന്നവരാണ് അപകടത്തിൽപ്പെട്ടത്. ജോലി കഴിഞ്ഞ് തൊഴിലാളികൾ വിശ്രമിക്കുന്ന സ്ഥലം കൂടിയാണ് ഇവിടം. കെട്ടിടത്തിന്റെ സൺഷെഡ് തകർന്ന് താഴേക്ക് വീണതായി പറയപ്പെടുന്നു. തൊട്ടടുത്ത് ഉണ്ടായിരുന്ന വാഹനങ്ങളും തകർന്നിട്ടുണ്ട്.വലിയങ്ങാടിയിലെ ഗോഡൗണുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.

