പതിമൂന്നു കാരിയെ ബലാത്സംഗം ചെയ്ത മുളിയങ്ങൽ സ്വദേശിക്ക് 53വർഷം കഠിനതടവ്
രണ്ട് ലക്ഷത്തി പതിനായിരം രൂപ പിഴയും അടക്കണം
നൊച്ചാട്: പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയ്ക്ക് 53വർഷം കഠിനതടവും രണ്ട് ലക്ഷത്തി പതിനായിരം രൂപ പിഴയും. പേരാമ്പ്ര മുളിയങ്ങൽ സ്വദേശി ചേരമ്പറ്റ മീത്തൽ മുഹമ്മദ് റെയ്ഹാൻ (41) ആണ് ശിക്ഷിക്കപ്പെട്ടത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി ദേവൻ.കെ.മേനോൻ ആണ് ശിക്ഷ വിധിച്ചത്. 2023ആഗസ്ത് മാസം 14, 19 തിയ്യതികളിലാണ് സംഭവം. ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി സ്കൂൾ ടീച്ചർ മുഖേന ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും കുട്ടിയുടെ മൊഴി സ്‌കൂളിൽ വെച്ച് പോലീസ് രേഖപ്പെടുത്തി. ഹോട്ടൽ തൊഴിലാളിയായ പ്രതി പരിക്കുപറ്റി ചികിത്സയിൽ പോയിരുന്ന സമയത്താണ് അതിജീവിതയെ ബലാത്സംഗം ചെയ്തത്. പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളുടെയും അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. 2024 ഫെബ്രുവരി 28 മുതൽ പ്രതി വിചാരണ തടവുകാരനായി കഴിഞ്ഞു വരികയായിരുന്നു. പല തവണ ജാമ്യപേക്ഷ ബോധിപ്പിച്ചിരുന്നെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്തും പ്രോസിക്യൂഷൻ വാദത്തിന്റെയും അടിസ്ഥാനത്തിൽ ജാമ്യം നിഷേധിക്കുകയായിരുന്നു.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 13സാക്ഷികളെ വിസ്‌തരിക്കുകയും 21രേഖകൾ ഹാജരാക്കുകയും 4 തൊണ്ടി മുതലുകൾ ഹാജരാക്കുകയും ചെയ്‌തു. 2024 ഫെബ്രുവരി 27ന് രജിസ്റ്റർ ചെയ്ത കേസിൽ പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ സന്തോഷ്.എം.എ, സബ് ഇൻസ്പെക്ടരും ഇപ്പോൾ കതിരൂർ ഇൻസ്പെക്ടറുമായ കെ.പി. വിനോദ്‌കുമാർ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

