ഒമാനിൽ പേരക്കുട്ടി മരിച്ച മാനസികാഘാതത്തിൽ പിതൃ മാതാവും മരണപ്പെട്ടു
വിധി തളർത്തിയ നിമിഷം: പ്രിയ പേരക്കുട്ടിക്കൊപ്പം അച്ഛമ്മയും
വടകര: വടകരയിൽ ഒരു കുടുംബത്തിലെ പ്രിയപ്പെട്ടവരുടെ വേർപാട് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ച പേരക്കുട്ടി ദീപക്കിന്റെ (38) മരണവാർത്തയ്ക്ക് പിന്നാലെ അച്ഛമ്മ ലീലയും മരിച്ചു. വടകര പൊൻമേരി പറമ്പിൽ കീഴേത്തറ ഹൗസിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ലീല (85) ആണ് മരിച്ചത്. ഒമാനിലെ അൽ അൻസബ് ഫലജ് അൽ ഷാമിൽ 'ഓഷ്യൻ റസ്റ്റോറന്റ്' ജീവനക്കാരനായിരുന്നു ദീപക് '
ശനിയാഴ്ച രാവിലെയാണ് ദീപക് ഒമാനിൽ അന്തരിച്ച വിവരം നാട്ടിലറിയുന്നത്. ഏറെ പ്രിയപ്പെട്ട പേരക്കുട്ടിയുടെ വിയോഗം ലീലയ്ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. വാർത്ത കേട്ട ഉടൻ തന്നെ അവർ കുഴഞ്ഞുവീണു. ഉടൻതന്നെ വില്യാപ്പള്ളി എം.ജെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിധി അവരെയും കൂട്ടിക്കൊണ്ടു പോയി.
ഒരു കുടുംബത്തിന്റെ താങ്ങും തണലും ഒരേദിവസം ഇല്ലാതായതിന്റെ നടുക്കത്തിലാണ് ഇപ്പോൾ ഈ പ്രദേശം.ലീലയുടെ മക്കൾ: ദിനേശ് കുമാർ, പ്രമീള.

