തകർത്തടിച്ച് സഞ്ജു;ഉജ്ജ്വല വിജയത്തോടെ ട്വൻ്റി ട്വൻ്റി ലോകകപ്പ് ഇന്ത്യ നേടി
കലാശ പോരാട്ടത്തിലെ ഹീറോ ആയി മലയാളത്തിൻറെ സഞ്ജു സാംസൺ
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ സഞ്ജു സാംസന്റെ ചിറകിലേറി ഇന്ത്യക്ക് 96 റൺസിന്റെ സൂപ്പർ വിജയം. അവസാന കളികളിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസൺ ആണ് ടൂർണമെന്റിലെ താരം. ന്യൂസിലാൻഡിന്റെ വിക്കറ്റ് കൃത്യമായ ഇടവേളകളിൽ വീഴ്ത്തി ഇന്ത്യക്ക് മുൻതൂക്കം നൽകിയ ബുംറ കളിയിലെ താരമായി ' ന്യൂസിലന്‍ഡിന് മുന്നില്‍ 256 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം വച്ച് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കളിയുടെ എല്ലാ ഘട്ടത്തിലും ന്യൂസിലാൻഡിനെ ബഹുദൂരം പിറകിലാക്കി. ടീം സീഫർട്ട് 52 റൺസ് നേടി ന്യൂസിലാൻഡിന് പ്രതീക്ഷ നൽകിയെങ്കിലും തുടരെ വിക്കറ്റ് വീണത് വിനയായി. കെയിൻ വില്യംസൺ 31 റൺസും ഡാരിൽ മിച്ചൽ 20 റൺസും എടുത്തു. അക്സർ പട്ടേൽ ഹർദിക് പാണ്ഡ്യ, ബുംറ വരുൺ ചക്രവർത്തി എന്നിവരാണ് ന്യൂസിലൻഡിന്റെ പ്രധാന വിക്കറ്റുകൾ വീഴ്ത്തിയത്. ഇന്ത്യയെ സഞ്ജു സാംസണിന്റെ (46 പന്തില്‍ 89) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവര്‍ നിര്‍ണായക പിന്തുണ നല്‍കി. അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ന്യൂസിലന്‍ഡിന് വേണ്ടി ജയിംസ് നീഷം മൂന്ന് വിക്കറ്റ് വീഴ്ത്തി.
തകര്‍പ്പന്‍ തുടക്കമാണ് സഞ്ജു - അഭിഷേക് സഖ്യം ഇന്ത്യക്ക് നല്‍കിയത്. 98 റണ്‍സ് ഇരുവരും ഒന്നാം വിക്കറ്റില്‍ ചേര്‍ത്തു. ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് 21 പന്തില്‍ 52 റണ്‍സ് നേടി. മൂന്ന് സിക്‌സും ആറ് ഫോറും നേടിയ അഭിഷേക് എട്ടാം ഓവറില്‍ രചിന്‍ രവീന്ദ്രയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന കിഷന്‍ - സഞ്ജു സഖ്യം 105 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു. 15-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്.നീഷമിന്റെ ആദ്യ പന്തില്‍ സഞ്ജു മടങ്ങി. ലോംഗ് ഓണില്‍ കോള്‍ മക്‌കോഞ്ഞിക്ക് ക്യാച്ച്. എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. അതേ ഓവറില്‍ അഞ്ചാം പന്തില്‍ കിഷനും മടങ്ങി. മാര്‍ക് ചാപ്മാന് ക്യാച്ച് നല്‍കുകയായിരുന്നു താരം. നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. അവസാന പന്തില്‍ സൂര്യകുമാര്‍ യാദവ് (0) ഗോള്‍ഡന്‍ ഡക്കാവുകയും ചെയ്തു. പിന്നീട് വന്ന ഹാര്‍ദിക് പാണ്ഡ്യക്ക് (18) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. തിലക് വര്‍മയാവട്ടെ (8) കുറച്ച് ബുദ്ധിമുട്ടുകയും ചെയ്തു. അവസാന ഓവറില്‍ ശിവം ദുബെ (8 പന്തില്‍ 26) നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ 250 കടത്തിയത്. തിലക് ദുബെയ്‌ക്കൊപ്പം പുറത്താവാതെ നിന്നു.

