മുത്തങ്ങയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. യുവതിയടക്കം രണ്ട് പേർ മരിച്ചു
കർണാടകയിലേക്ക് പോവുകയായിരുന്ന ലോറിയും ഇവർ സഞ്ചരിച്ച സ്കൂട്ടറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു
ബത്തേരി: വയനാട് മുത്തങ്ങ കല്ലൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ ദാരുണമായി മരിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസ് (25), കോഴിക്കോട് രാമനാട്ടുകര ഫാറൂഖ് കോളേജ് തൊട്ടാടിപ്പാടം സ്വദേശി അസ്മത്ത് എന്നിവരാണ് മരിച്ചത്.
കർണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും നേർക്കു നേർ കൂട്ടിയിടിക്കുകയായിരുന്നു. അപകട സ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരണപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുൽത്താൻ ബത്തേരി പോലീസും നാട്ടുകാരും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ നിലവിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

