പയ്യോളിയിൽ അമ്മയെ മരിച്ച നിലയിലും മകനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി
നാട്ടുകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു
പയ്യോളി: പയ്യോളി മുണ്ടാളി താഴ ഭഗവതി ക്ഷേത്രത്തിന് സമീപം അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടാളി താഴ മാധവി (88), മകൻ സജീഷ് എന്നിവരാണ് മരിച്ചത്. ഇന്ന് (ഞായറാഴ്ച) രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിഞ്ഞത്.
മാധവിയെ കിടപ്പുമുറിയിൽ മരിച്ച നിലയിലും, സജീഷിനെ തൊട്ടടുത്ത മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയ അയൽ വാസിയാണ് ദാരുണമായ കാഴ്ച ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി മാധവി വീണ് പരിക്കേറ്റ് കിടപ്പിലായിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായ സജീഷാണ് അമ്മയെ പരിചരിച്ചിരുന്നത്. പരേതനായ പീതാംബരനാണ് മാധവിയുടെ ഭർത്താവ്. പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

