പലതവണ ചോദിച്ചിട്ടും ചായ കിട്ടിയില്ല'; നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു
കുണ്ടുങ്ങൽ സ്വദേശി റിജിലയെയാണ് ഭർതൃമാതാവ് കൊലപ്പെടുത്തിയത്
മലപ്പുറം: നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കുണ്ടുങ്ങൽ സ്വദേശി റിജില(30)യാണ് മരിച്ചത്. ചായ ചോദിച്ചിട്ട് കിട്ടാത്തതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് വിവരം. ഭർതൃമാതാവായ ശാന്ത(70) പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് രാവിലെ 6.30നാണ് സംഭവം. മക്കളുടെ മുന്നിൽവെച്ച് വിറക് വെട്ടാനു പയോഗിക്കുന്ന കത്തി കൊണ്ടാണ് റിജിലയെ ശാന്ത വെട്ടിയത്. വീട്ടിൽ മുമ്പും കുടുംബ പ്രശ്നം ഉണ്ടായിരുന്നതായാണ് വിവരം.
പലവട്ടം ചായ ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്ന് ശാന്ത പൊലീസിനോട് പറഞ്ഞതായാണ് വിവരം. റിജിലയുടെ ശരീരത്തിൽ പല തവണ വെട്ടേറ്റു. കഴുത്തിനേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. റിജിലയെ മക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, വീട്ടിൽവെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം നിലവിൽ നിലമ്പൂർ ജില്ലാ ആശു പത്രിയിലാണ് ഉള്ളത്. റിജിലയ്ക്ക് രണ്ട് പെൺ മക്കളാണുള്ളത്.

