കോഴിക്കോട് കുറ്റിക്കാട്ടൂരിൽ മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു
കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ
കോഴിക്കോട്: മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മൂന്നര വയസ്സുകാരി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്ന് വയസുകാരി ഷിഗല്ല രോഗം ബാധിച്ച് മരിച്ചത്. ഇന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. രോഗലക്ഷണം കണ്ടെത്തിയ ഒരു കുട്ടിയെ കോഴിക്കോടും മറ്റ് രണ്ട് കുട്ടികളെ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
കൂടാതെ ആനക്കുഴിക്കര ഭാഗത്ത് 5 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എങ്ങനെയാണ് ഈ പ്രദേശത്ത് രോഗം പടർന്നത് എന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങൾ. വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ.

